Tuesday, September 13, 2011

മദ്ധ്യവർഗ്ഗൻ - അഴിമതി വിരുദ്ധൻ -സ്റ്റാറ്റസ്‌ അപ്ഡേറ്റ്‌



ഇന്നു ഞാനും വിരലുയർത്തി,
ഒറ്റ ക്ലിക്കിൽ
അഴിമതി വിരുദ്ധ ഗാന്ധിയനിൽ അഭയം കണ്ടു
എല്ലാവരും കാണുന്നു
ചുറ്റുപാടുമുള്ളവർ ,
ഒരുമിച്ചു ജോലി ചെയ്യുന്നവർ
തൊട്ടടുത്ത ഫ്ലാറ്റിലുള്ളവർ
അഴിമതി വിരുദ്ധ പോസ്റ്ററെഴുതിയ ടീ-ഷർറ്റ്‌ ,
മെഴുകുതിരി ഘോഷയാത്ര.
വിരലുയർത്തൽ കണക്കിൽ രാജ്യവികാരമളന്നവർ
ഉറക്കെ ചിന്തിക്കുന്നു,
പങ്കിന്റെ നിർവൃതിയിൽ ഉറങ്ങുന്നതിന്‌ മുൻപ്‌
ഒരു സ്റ്റാറ്റസ്‌ അപ്ഡേറ്റ്‌
“ഞാൻ അഴിമതിക്കെതിരെ.. നിങ്ങളോ ????... :)”

Saturday, January 29, 2011

ചാപ്പിള്ള.


ഉമിതീയാണ് ,
കാണാ ചങ്ങലയ്‍ക്കിട്ട അടിമത്തത്തിനും ,
ഭീതിയുടെ കരിമ്പുക മൂടിയ
സുരക്ഷാ ബോധത്തിനും,
താഴെ എരിയുന്ന തീ.

പകലിൻറ്റെ അപമാനം
രാവിൻറ്റെ മടികുത്തഴിക്കുമ്പോൾ
പിറന്നവൻ തീവ്രവാദി.
അവൻറ്റെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞവൻ
സമാധാനത്തിൻ‍റ്റെ അപ്പോസ്തലൻ.
നീതി ദേവതയുടെ കണ്ണിനു മുന്നിൽ
ദാവീദിൻ‍റ്റെ നക്ഷത്രം.


വിധവകളുടെ കണ്ണീരിന് വിലയിട്ട്
മാധ്യമങ്ങൾ അരങ്ങു വാഴുമ്പോൾ,
വിഡ്ഡിപെട്ടിക്കു മുന്നിൽ
സഹതാപം ,പുച്‍ഛം
നിർവികാര ഷഡ്‍ഢന്മാർ,
അതിജീവനത്തിന് കണ്ണടച്ചവർ.

മാധ്യമങ്ങളിലെ താടിക്കാരനെ തേടിയ വേട്ടനായ്‍ക്കൾക്ക് ,
ഇരകൾ പന്ത്രണ്ടു തികയത്തവർ.
രഹസ്യാന്വേഷണ വിഭാഗം
സംശയലേശമന്യേ സമർത്ഥിച്ചു ,
ഗർഭസ്ഥ ശിശുവിന് താടിയുണ്ട്.
തുരന്നെടുത്ത ചാപ്പിള്ളയെ ക്ഷൗരം ചെയ്‍ത് അവർ
അന്താരാഷ്‍ട്ര പ്രമേയം പാസാക്കി.

ഭീരുവിന് രക്തസാക്ഷിയവനാവില്ല ,
വില്ലു കുലയ്‍ക്കാൻ രാമനുമെത്തില്ല.
ഉയരണം ദാവീദിന്‍റ്റെ കവണ
ഈ ഉമിതീയിൽ നിന്ന്.

Friday, January 21, 2011

പ്രൊമിത്യൂസി‍ൻറ്റെ വെളിച്ചം.


അവർ അറിഞ്ഞു ,
പ്രൊമിത്യൂസിന് തിരിച്ചു കൊണ്ടുവരാനാവാത്ത വിധം
അഗ്നി നഷ്‍ടപ്പെട്ടിരിക്കുന്നു.
താരങ്ങൾക്കിടയിൽ അവർ പരതി.
മിന്നാമിനുങ്ങിന്‍റ്റെ വെളിച്ചം
കുത്തകയ്ക്കെടുത്തവർക്കെതിരെ വിപ്ളവം നയിച്ചു.
മോഷ്ടാവെന്നാരോപിച്ച് സീയൂസിനെ ബഹിഷ്കരിച്ചു.
തിരിച്ചറിവ് കാഴ്‍ചയുടെ കോണുകൾക്ക്
കണ്ണട വെയ്‍ക്കുമ്പോൾ,
ബോധ്യത്തിൻ‍‍‍റ്റെ പുതുതലത്തിലവരെഴുതും
നനഞ്ഞ സ്വതന്ത്ര്യബോധത്തിനും ,
ജീർണ്ണിച്ച പ്രത്യയശാസ്‍ത്രത്തിനും
കത്താനവില്ല എന്ന്.