Saturday, January 29, 2011

ചാപ്പിള്ള.


ഉമിതീയാണ് ,
കാണാ ചങ്ങലയ്‍ക്കിട്ട അടിമത്തത്തിനും ,
ഭീതിയുടെ കരിമ്പുക മൂടിയ
സുരക്ഷാ ബോധത്തിനും,
താഴെ എരിയുന്ന തീ.

പകലിൻറ്റെ അപമാനം
രാവിൻറ്റെ മടികുത്തഴിക്കുമ്പോൾ
പിറന്നവൻ തീവ്രവാദി.
അവൻറ്റെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞവൻ
സമാധാനത്തിൻ‍റ്റെ അപ്പോസ്തലൻ.
നീതി ദേവതയുടെ കണ്ണിനു മുന്നിൽ
ദാവീദിൻ‍റ്റെ നക്ഷത്രം.


വിധവകളുടെ കണ്ണീരിന് വിലയിട്ട്
മാധ്യമങ്ങൾ അരങ്ങു വാഴുമ്പോൾ,
വിഡ്ഡിപെട്ടിക്കു മുന്നിൽ
സഹതാപം ,പുച്‍ഛം
നിർവികാര ഷഡ്‍ഢന്മാർ,
അതിജീവനത്തിന് കണ്ണടച്ചവർ.

മാധ്യമങ്ങളിലെ താടിക്കാരനെ തേടിയ വേട്ടനായ്‍ക്കൾക്ക് ,
ഇരകൾ പന്ത്രണ്ടു തികയത്തവർ.
രഹസ്യാന്വേഷണ വിഭാഗം
സംശയലേശമന്യേ സമർത്ഥിച്ചു ,
ഗർഭസ്ഥ ശിശുവിന് താടിയുണ്ട്.
തുരന്നെടുത്ത ചാപ്പിള്ളയെ ക്ഷൗരം ചെയ്‍ത് അവർ
അന്താരാഷ്‍ട്ര പ്രമേയം പാസാക്കി.

ഭീരുവിന് രക്തസാക്ഷിയവനാവില്ല ,
വില്ലു കുലയ്‍ക്കാൻ രാമനുമെത്തില്ല.
ഉയരണം ദാവീദിന്‍റ്റെ കവണ
ഈ ഉമിതീയിൽ നിന്ന്.

2 comments:

Unknown said...

excellent.....Enikk ishtaayi....
i expect more....

Irshad said...

നന്നായിരിക്കുന്നു.

തീയതി anuary 29, 2011 11:38 PM. എന്നാല്‍ ഇന്നത്തെ പത്രത്തിലെ വാര്‍ത്തകള്‍ പോലെ.... ഹും, എല്ലാ ദിനങ്ങളിലെയും വാര്‍ത്ത ഒരുപോലെ തന്നെയാണല്ലോ...